പല്ലെക്കലെ: മുൻ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ സൂപ്പർ എട്ട് സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് വിജയം. പതും നിസങ്കയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് ഉയർത്തിയ 182 റൺസ് ലക്ഷ്യം വെറും 18 ഓവറിൽ ലങ്ക മറികടന്നത്. ഈ തോൽവിയോടെ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയുടെ നില കൂപ്പുകുത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമുള്ള ഓസീസിന് ഇനി മുന്നോട്ടുള്ള യാത്ര മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചിരിക്കും.
ശ്രീലങ്കയോടേറ്റ തോൽവി ഓസ്ട്രേലിയയെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ്. അതേസമയം ശ്രീലങ്ക മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റോടെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.
നാളെ നടക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ സിംബാബ്വെ വിജയിച്ചാൽ, ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്ന് പുറത്താകും. സിംബാബ്വെ തോറ്റാൽ മാത്രമേ ഓസീസിന് നേരിയ സാധ്യതയെങ്കിലും അവശേഷിക്കൂ.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡും (56) മിച്ചൽ മാർഷും (54) മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. 104-0 എന്ന നിലയിൽ നിന്നും 181-ന് എല്ലാവരും പുറത്തായ ഓസീസിനെതിരെ പതും നിസങ്കയുടെ (102*) ബാറ്റിംഗ് വിരുന്നാണ് കണ്ടത്. കുശാൽ മെൻഡിസ് (51) കൂടി തിളങ്ങിയതോടെ ഓസീസ് ബൗളർമാർ നിഷ്പ്രഭരായി.